കണ്ണൂർ: രാഹുൽ മാങ്കൂട്ടത്തിലിന് ശിക്ഷയ്ക്ക് അർഹതയുണ്ടെങ്കിൽ ശിക്ഷിക്കപ്പെടട്ടെയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരൻ. രാഹുലിന് തെറ്റുപറ്റിയെന്നും എന്ന് കരുതി രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കരുതെന്നാണ് താൻ പറഞ്ഞതെന്നും സുധാകരൻ വ്യക്തമാക്കി.
തനിക്ക് ഒരു വാക്കും നാക്കും മാത്രമേ ഉള്ളൂ എന്ന് പറഞ്ഞ മുൻ കെപിസിസി അധ്യക്ഷൻ രാജ് മോഹൻ ഉണ്ണിത്താന് മറുപടി പറയുന്നില്ലെന്നും കൂട്ടിച്ചേർത്തു. എന്നാൽ കോൺഗ്രസ് നേതാക്കൾ രാഹുലിനെ തള്ളിപ്പറയുന്പോഴും കോൺഗ്രസ് മുഖപത്രം പിന്തുണയ്ക്കുന്നുണ്ട്.
രാഹുൽ മാങ്കൂട്ടത്തിനെതിരായ സിപിഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയാണ് സംഭവമെന്നാണ് കോൺഗ്രസ് മുഖപത്രം വീക്ഷണം പറയുന്നത്. രാഹുലിനെ ന്യായീകരിച്ചാണ് വീക്ഷണത്തിലെ മുഖപ്രസംഗം.
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനെയും ബിജെപിയെയും ചരിത്ര ഭൂരിപക്ഷത്തിൽ തോൽപ്പിച്ചതായിരുന്നു രാഹുൽ ചെയ്ത കുറ്റമെന്നാണ് വീക്ഷണത്തിന്റെ വാദം. അപവാദങ്ങളിൽ പതറാതെയും വ്യക്തിഹത്യകളിൽ തളരാതെയും ജാഗ്രതയോടെ മുന്നോട്ട് പോവണമെന്നും മുഖപത്രത്തിൽ വ്യക്തമാക്കുന്നു.